ആ മാവ് ഇതുവരെ പൂത്തില്ല.......
പൂത്തു കനിവിളയേണ്ടുന്നകാലം കഴിഞ്ഞു.
അതിനു ശേഷം വർഷങ്ങൾ പിന്നിട്ടു.
അതു സ്വപ്നം കണ്ടു..... അത് ഒരു
മാതാവാകുവാൻ കൊതിച്ചു.
വീണ്ടും പല ദിനങ്ങൾ, അതിൽ നിന്നും പഴുത്ത ഇലകൾ കൊഴിയുന്നതു പോലെ, അടർന്നു കൊണ്ടിരുന്നു......
ഒരു രാവിൽ അതു തളിരണിഞ്ഞു,
സൗന്ദര്യവതിയായി...!
എങ്ങുനിന്നോ, കുയിലുകൾ പറന്നു വന്നു.മാവിനു സന്തോഷമായി.
പൂക്കാൻ കൊതിച്ചതായിരുന്നു.....
എന്നാൽ തളിർക്കുകയായിരുന്നു.
പൂവണിഞ്ഞില്ല.
കിനാക്കൾ കൊഴിഞ്ഞു പോയി.
തന്റെ ഉറ്റതോഴിയായ കാറ്റിനോട് സങ്കടം പറഞ്ഞു.
കാറ്റുപറഞ്ഞു " തോഴീ സമയമായില്ല."
കാറ്റു തന്റെ സ്നേഹിതയെ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ട് യാത്ര പറഞ്ഞു.
ഇങ്ങനെ പ്രതീക്ഷകളുമായി എത്രകാലം കഴിയും..... ചിലപ്പോൾ അവൾ പൊട്ടിക്കരയും.
അതിന്റെ കണ്ണീർ വെയിലിൻ ചൂടിനാൽ ആവിയായിപ്പോയി.
ഒരു രാവിൽ അതു പൂക്കുകതന്നെ ചെയ്തു....
മാവു ആനന്ദം കൊണ്ട് മതിമറന്നു നൃത്തംവച്ചു...
ആ ആനന്ദം അധികനേരം നിൽക്കുക
യുണ്ടായില്ല.!
ആകാശം മഴക്കാറുകൊണ്ടു നിറഞ്ഞു.
മഴ ചെറുതായൊന്നു പെയ്തു. കാരണം, കാറ്റു മഴക്കാറിനെ വേറൊരു
സ്ഥലത്തേയ്ക്കു കൊണ്ടു പോയി.
ആ മഴ പെയ്തതുകൊണ്ട്, ക്ഷുദ്രജീവികൾ മാമ്പൂക്കളെ ആക്രമിച്ചു. പൂത്തണ്ടുകളിൽ കുത്തിക്കേറി നീരു വലിച്ചു കുടിച്ചു.
അങ്ങിനെ ആ പൂക്കളെല്ലാം കരിഞ്ഞുപോയി.
മാവു ദുഃഖം അടക്കാൻവയ്യാതെ
കരഞ്ഞുപോയി.
അടുത്ത വർഷവും അതു പൂത്തു...
ഇത്തവണ മാവിനു പ്രതീക്ഷയുണ്ടാ
യിരുന്നില്ല. അതു നിരാശയുടെ പടുകു
ഴിയിൽ വീണുകഴിഞ്ഞിരുന്നു.
ഉറ്റ സ്നേഹിതയായ കാറ്റ് അതിനെ ദുഃഖത്തിൽ നിന്നും കരകയറ്റുവാൻ ആവതും ശ്രമിച്ചു.
........ നിറയെ ഉണ്ണിമാങ്ങകൾ നിറ
ഞ്ഞു.മാവോന്നു ചിരിച്ചു, കാറ്റു അതിൽ സന്തോഷിച്ചു.
ഉണ്ണി മാങ്ങകൾ വളർന്നു......
ചെറിയ കുട്ടികൾ മാവിൻ ചുവട്ടിൽ
പന്തലുവെച്ചു കാവലിരുന്നു.
മാങ്ങകൾ പെറുക്കാൽ കുട്ടികൾ മത്സ
രി ച്ചു. അവർ കല്ലും വടികളും മാങ്ങകൾക്കുനേരെ വർഷിച്ചു....
മാവിനു നീരസം തോന്നി.
ദിനങ്ങൾ അടർന്നുവീണു.......
മാങ്ങകൾ പഴുത്തു.മരഞ്ചാടികളായ അണ്ണാൻമാർ ചാടിയോടിയെത്തി.
കോങ്കണ്ണൻ കാക്കകൾ പറന്നുവന്നു.
രാത്രി, വാവലുകൾ ചിറകടികൊണ്ട്, മാവിനെ അവരുടെ ആഗമനം അറിയി
ച്ചു.മാവ് ഇവരോടെല്ലാം ലോഹ്യം പറഞ്ഞു.... നല്ല മാമ്പഴങ്ങൾ നൽകി
വിരുന്നൂട്ടി.
ഇടയ്ക്ക് കളിത്തോഴിയായ കാറ്റ്, അതി
ലെ കടന്നു പോകുമ്പോൾ, മാവ് മാമ്പഴങ്ങൾ സമ്മാനിച്ചു.കുട്ടികളുടെ
കൊഞ്ചൽ കൊണ്ട് ആ മാമ്പഴങ്ങളെല്ലാം കാറ്റ് അവർക്കു നല്കി.
കുട്ടികൾ കാറ്റിനെ പാടി പുകഴ്ത്തി...
ഇതെല്ലാം കണ്ടു നിൽക്കുന്ന മാവ്
സന്തോഷം കൊണ്ട് പുളകമണിഞ്ഞു.
----------- O---------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ